‘കുക്കു.. നിന്റെ ഓരോ മെസ്സേജും എനിക്കൊരു പ്രചോദനമായിരുന്നു..’ – ആരാധകന് ആദരാഞ്ജലി അർപ്പിച്ച് ഉണ്ണിമുകുന്ദൻ
മലയാളത്തിന്റെ പ്രിയനടന് ഉണ്ണിമുകുന്ദന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരാധകന്റെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ളതാണ്. മലയാളസിനിമയില്‍ ആരാധകബലത്തിന് ഒട്ടും കുറവില്ലാത്ത താരം കൂടിയാണ് ഉണ്ണിമുകുന്ദന്. ഓള് കേരള ഉണ്ണിമുകുന്ദന് ഫാന്‍സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന കൃഷ്ണകുമാര്‍(കുക്കു) വാഹനാപകടത്തില്‍ മരണപ്പെട്ട വാര്‍ത്തയാണ് താരം പങ്കുവച്ചത്.
തന്റെ ആരാധകനോടുള്ള ഇഷ്ടവും ഒരുമിച്ചുള്ള ചിത്രവും പങ്കുവെച്ചാണ് വിയോഗത്തിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഈ പുതുവത്സരത്തില്‍ എല്ലാവരോടും സുരക്ഷിതരായിരിക്കണമെന്നും ചിത്രത്തിന് താഴെയുള്ള കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
മരണപ്പെട്ട കുക്കുവിനെ ഏറെ മിസ് ചെയ്യുന്നുണ്ടെന്നും താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല വണ്ടര്ഫുള് ബോയ് ആയിരുന്നുവെന്നും ആരാധനയോടെ നീ അയച്ച ഓരോ മെസ്സേജുകളും കരീയര് വളര്‍ത്താനുള്ള പ്രചോദനമായിരുന്നുവെന്നും താരം കുറിപ്പില്‍ എഴുതി.
നടൻ കുഞ്ചാക്കോ ബോബനും ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അപകടം സംഭവിച്ചത്. വാഹനമോടിക്കുമ്പോള്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും നന്മ നിറഞ്ഞ ഒരു ജീവിതം നമുക്ക് ബാക്കിയുണ്ട് എന്ന കാര്യം ആരും മറക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.