‘ഭർത്താവ്, കാമുകൻ, ആങ്ങള.. ഇവരോട് ഡ്രൈവിംഗ് പഠിപ്പിക്കാൻ ആവശ്യപ്പെടരുത്..’ – യുവതിയുടെ രസകരമായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

‘ഭർത്താവ്, കാമുകൻ, ആങ്ങള.. ഇവരോട് ഡ്രൈവിംഗ് പഠിപ്പിക്കാൻ ആവശ്യപ്പെടരുത്..’ – യുവതിയുടെ രസകരമായ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പൊതുവേ സ്ത്രീകൾ ഡ്രൈവിങ്ങിന്റെ കാര്യത്തിൽ അൽപ്പം പിറകിലാണെന്നാണ് പലരും പറയുന്നത്. റോഡിലൂടെ പേടിച്ച് വണ്ടി ഓടിക്കുന്ന പല സ്ത്രീകളെയും നമ്മുക്ക് അറിയാം. സ്ത്രീകൾക്ക് ഡ്രൈവിംഗ് എന്ന് പറയുന്നത് ഒരു ബാലികേറാമലയാണ്. തിരക്കുള്ള റോഡുകളിൽ, അതുപോലെ കയറ്റങ്ങൾ, ട്രാഫിക് സിഗ്നൽ ഉള്ള സ്ഥലങ്ങളിൽ പലപ്പോഴും സ്ത്രീകൾ പെടാപാടുപെടുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.

സ്ത്രീകൾ ഡ്രൈവിംഗ് പഠിക്കേണ്ട ആവശ്യകതയെ കുറിച്ചും ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിൽ ഒരു രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അഡ്വക്കറ്റ്. ഷാനിബ അലി. ഡ്രൈവിംഗ് അറിയാത്ത സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ, എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്നാണ് ഷാനിബയുടെ വാക്കുകൾ.

പുരുഷന്മാരെക്കാൾ ഏറ്റവും സേഫായി വണ്ടി ഓടിക്കുന്നത് സ്ത്രീകളാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും എറണാകുളത്ത് അല്ലതെ വേറെ എവിടേയും റോഡിൽ ഇത്രയും സ്ത്രീകൾ വണ്ടി ഓടിക്കുന്നത് കാണാറില്ലായെന്നും ഷാനിബ എഴുതി. ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിട്ടും പേടിച്ച് വണ്ടി ഓടിക്കാതെ ഇരിക്കുന്ന പെൺകുട്ടികൾക്കും ഇനി എടുക്കാൻ പോകുന്ന ആളുകൾക്കും വേണ്ടി കുറച്ച് ടിപ്സ് ഷാനിബ തന്റെ കുറിപ്പിൽ പങ്കുവെച്ചു.

ലോൺ എടുത്തായാലും സ്വന്തം പൈസയ്ക്ക് വണ്ടി മേടിക്കുക. നീ ഓടിച്ചാൽ ശരിയാവില്ല എന്ന് ആര് പറഞ്ഞാലും ഒന്ന് ഓടിച്ചു നോക്കട്ടെയെന്ന് പറഞ്ഞ് അങ്ങോട്ട് ഓടിക്കുക.. കാർ ഓടിക്കുമ്പോൾ തൊട്ടടുത്ത് ഇരുന്ന് അയ്യോ കുഴി, ദേ വളവ്, റൈറ്റ് ഒടിക്ക്, ലെഫ്റ് ഒടിക്ക് തുടങ്ങിയ കമന്ററി നടത്തുന്ന അടുത്ത വളവിൽ ഡോർ തുറന്ന് ഉന്തിയിട്ടേക്കുക..

പിന്നിൽ നിന്ന് എത്ര സൗണ്ടിൽ ഹോൺ അടിച്ചാലും വാവ് നൈസ് റോഡ് എന്ന് പറഞ്ഞ് പോണ സ്പീഡിൽ തന്നെ പോവുക.. അതൊരു എമെർജൻസി അല്ലെങ്കിൽ മാത്രം.. ആദ്യത്തെ മൂന്ന് മാസം തെറി വിളി കേൾക്കും.. വീട്ടാര് മൊത്തം തുമ്മും പ്രേതേകിച്ച് കാർ ആണെങ്കിൽ.. പക്ഷേ തളരരുത് രാമൻകുട്ടി തളരരുത്.. ഭർത്താവ്, കാമുകൻ, ആങ്ങള.. ഇവരോട് ഡ്രൈവിംഗ് പഠിപ്പിക്കാൻ ആവശ്യപ്പെടരുത്.

പിന്നീട് നിങ്ങൾ ജന്മത്ത് സ്റ്റീയറിങ്ങിൽ തൊടില്ല.. വല്ലവരുടെയും ഭർത്താവിനെയോ കാമുകനെയോ ആങ്ങളെയോ ഒക്കെ വിളിക്കാം.. അവരുടെ ക്ഷമയാണ് മക്കളെ ക്ഷമ.. റിവേഴ്‌സ് പാർക്കിംഗ് തുടങ്ങിയ കാര്യങ്ങൾക്ക് ഒരു നാണോം ഇല്ലാതെ പരസഹായം തേടുക.. പ്രതേകിച്ച് ഒരു പണിയുമില്ലാത്ത മൂന്നാല് പേർ എല്ലാ ജംഗ്ഷനിലും ഉണ്ടാവും.. എല്ലാം അവർ നോക്കിക്കോളും.. സ്റ്റിയറിംഗ് പിടിച്ചിരുന്നാൽ മാത്രം മതി നമ്മൾ.

ഒരു കാര്യവുമില്ലാതെ പെണ്ണാണെന്ന് കണ്ടാൽ ചൊറിയാൻ വരുന്ന ആളുകളെ ഗ്ലാസ് കയറ്റിട്ട് അറിയാവുന്ന തെറിയൊക്കെ വിളിച്ചോ.. നല്ല സമാധാനം കിട്ടുമെന്നും ഷാനിബ തന്റെ പോസ്റ്റിൽ കുറിച്ചു. റോഡിൽ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരിയാണ് തന്റെ സ്വപ്നമെന്ന് ഷാനിബ രസകരമായി എഴുതി. നിരവധി പേരാണ് ഷാനിബയുടെ പോസ്റ്റിന് കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS