‘കല്യാണമെന്ന് കേൾക്കുമ്പോൾ തന്നെ എനിക്കിപ്പോൾ പേടിയാണ്..’ – മനസ്സ് തുറന്ന് നടി ഷംന കാസിം

‘കല്യാണമെന്ന് കേൾക്കുമ്പോൾ തന്നെ എനിക്കിപ്പോൾ പേടിയാണ്..’ – മനസ്സ് തുറന്ന് നടി ഷംന കാസിം

പച്ചക്കുതിര, അലി ഭായ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി ഷംന കാസിമിന്റെത്. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലെയൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് ഷംന. ചെറിയ വേഷങ്ങൾ ചെയ്ത പിന്നീട് നായിക വേഷത്തിലേക്ക് എത്താൻ അധികം കാലമൊന്നും എടുത്തില്ല ഷംന.

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ മിക്ക ഭാഷകളിലും ഇതിനോടകം ഷംന അഭിനയിച്ച് കഴിഞ്ഞു. അടുത്തിടെ താരത്തിനും കുടുംബത്തിനും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെല്ലാം മാധ്യമങ്ങളിലൂടെ കേരളമാകെ അറിഞ്ഞതാണ്. വിവാഹാലോചനയുമായി ഒരു സംഘം എത്തുകയും തുടർന്ന് പണം തട്ടാൻ ശ്രമിക്കുകയുമൊക്കെ ചെയ്ത വാർത്ത കേരളക്കര ഒട്ടാകെ ഞെട്ടിച്ചിരുന്നു.

അതുമായി ബന്ധപ്പെട്ട മുഴുവനും ആളുകളെയും പൊലീസ് ഒരാഴ്ചക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവത്തെ പറ്റി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഷംനയുടെ വാക്കുകൾ, ‘നേരിട്ട് വീട്ടിൽ ആലോചനയുമായി എത്തിയവരായിരുന്നു അവർ. അച്ഛനും അമ്മയും വളരെ സന്തോഷത്തിലായിരുന്നു.

പക്ഷേ ഒരാഴ്ചകൊണ്ട് തന്നെ അവരുടെ തനിസ്വഭാവം പുറത്തുവന്നു. വീട്ടുകാരുടെ ശക്തമായ പിന്തുണകൊണ്ടാണ് കേസ് കൊടുക്കാൻ തീരുമാനിച്ചത്. ഞാൻ കൊടുത്തില്ലായിരുന്നെങ്കിൽ വേറെ പെൺകുട്ടികൾ ഇവരുടെ വലയിൽ വീണുപോയേനെ. പൊലീസിന്റെ ഭാഗത്ത് നിന്ന് പൂർണമായ സഹകരണമാണ് ഉണ്ടായത്.

അമ്മ സംഘടനയിൽ നിന്ന് എന്നെ വിളിച്ചിരുന്നു. അംബിക ചേച്ചി, സായികുമാർ ചേട്ടനും ബിന്ദു ചേച്ചിയും, ആശ മാം അങ്ങനെ ഒരുപാട് പേർ എന്നെ വിളിച്ച് തളരാതെ മുന്നോട്ട് പോകാൻ ധൈര്യം തന്നു. കഴിഞ്ഞ ഒന്നര വർഷമായി വീട്ടുകാർ എനിക്ക് വേണ്ടി കല്യാണം ആലോചിക്കുകയാണ്. നല്ലത് വന്നാൽ നടക്കട്ടെയെന്ന് ഞാനും വിചാരിച്ചിരുന്നു.

പക്ഷേ ഇപ്പോൾ കല്യാണമെന്ന് കേൾക്കുമ്പോഴേ എനിക്ക് പേടിയാണ്. എന്നുവച്ച് വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല. പക്ഷേ എനിക്ക് കുറച്ച് സമയം നൽകാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലരും പറഞ്ഞ് കേട്ടറിവല്ലതെ ജീവിതത്തിൽ ഇത്രത്തോളം ഡിപ്രഷൻ ഞാൻ ഇതിന് മുമ്പ് അനുഭവിച്ചിട്ടില്ല. ഇനി അടുത്തെങ്ങും ഒരു ആണിനെ വിശ്വസിക്കാൻ പറ്റുമെന്ന് എനിക്ക് പറയാൻ കഴിയില്ല..’ – ഷംന പറഞ്ഞു.

CATEGORIES
TAGS