‘ഈ പരിശ്രമത്തിന് നേട്ടം കൊയ്യട്ടെ, മിന്നൽ മുരളി പ്രിവ്യൂ കണ്ട കുഞ്ചാക്കോ ബോബൻ..’ – പ്രതീക്ഷയോടെ സിനിമ പ്രേമികൾ

‘ഈ പരിശ്രമത്തിന് നേട്ടം കൊയ്യട്ടെ, മിന്നൽ മുരളി പ്രിവ്യൂ കണ്ട കുഞ്ചാക്കോ ബോബൻ..’ – പ്രതീക്ഷയോടെ സിനിമ പ്രേമികൾ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം കഴിഞ്ഞാൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസിൽ ജോസഫും ടോവിനോ തോമസും ഒന്നിക്കുന്ന മിന്നൽ മുരളി എന്ന സിനിമ. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമയായിരിക്കും മിന്നൽ മുരളി. സിനിമ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എല്ലാം പൂർത്തിയായി കഴിഞ്ഞു.

മിന്നൽ മുരളി തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് വിചാരിച്ചിരുന്നെങ്കിലും തിയേറ്റർ തുറക്കുന്ന സാഹചര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഒ.ടി.ടി പ്ലാറ്റഫോമായ നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. സെപ്തംബർ ആറിനാണ് ഈ കാര്യം ഒഫീഷ്യലി പുറത്തുവന്നത്. 2020 അവസാനം റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു മിന്നൽ മുരളി.

പക്ഷേ ഇനിയും ഇറക്കാതിരുന്നാൽ വൻ സാമ്പത്തിക നഷ്ടമായിരിക്കും നിർമാതാക്കൾക്ക് ഉണ്ടാവാൻ പോവുന്നതെന്ന് മനസ്സിലാക്കിയാണ് ഒ.ടി.ടിയിൽ ഇറക്കാൻ തീരുമാനിച്ചത്. ഈ കഴിഞ്ഞ ദിവസം സിനിമയുടെ പ്രിവ്യു നടന്നിരുന്നു. മുംബൈയിലെ വി.എഫ്.എക്‌സ് സ്റ്റുഡിയോയിലാണ് പ്രിവ്യു നടന്നത്. സംവിധായകൻ ബേസിലും ചില അണിയറ പ്രവർത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്നാൽ അപ്രതീക്ഷിതമായി നടൻ കുഞ്ചാക്കോ ബോബനും പ്രിവ്യു കാണാൻ എത്തുകയും സിനിമ കണ്ട ശേഷം ചാക്കോച്ചൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അഭിപ്രായം പങ്കുവെക്കുകയും ചെയ്തു. ‘ഇഷ്ടപ്പെട്ടു, വളരെ അധികം ആസ്വദിച്ചു.. ഈ പരിശ്രമത്തിന്റെ നേട്ടം കൊയ്യാൻ സാധിക്കട്ടെ എന്നായിരുന്നു കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടത്.

സംവിധായകൻ ബേസിൽ സിനിമയുടെ പ്രിവ്യു കഴിഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മൂന്ന് വർഷത്തെ ആ നീണ്ട യാത്ര ഇന്നലെ അവസാനിച്ചു. ഞങ്ങളുടെ ഈ കുട്ടിയെ നെറ്ഫ്ലിക്സിന് കൈമാറി.ഒരു സിനിമയ്ക്കായി ഇത്രയും സമയം ചെലവഴിച്ചതിനാൽ, മിന്നൽ മുരളി ഒരു സിനിമ മാത്രമല്ല, അത് ഞങ്ങളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന് പറയാം..’

സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവര്ക്കും ബേസിൽ നന്ദി പറയുകയും ചെയ്തു. പ്രൊഡ്യൂസർ സോഫിയ പോൾ, കെവിൻ പോൾ, ടോവിനോ തോമസ്, തിരക്കഥകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു, ക്യാമറാമാൻ സമീർ താഹിർ, അജു വർഗീസ്, ഷാൻ റഹ്മാൻ, സുഷിൻ ശ്യാം തുടങ്ങി ഓരോ മേഖലയിൽ പ്രവർത്തിച്ചവർക്ക് എടുത്ത് പറഞ്ഞ് നന്ദി പറഞ്ഞു ബേസിൽ.

CATEGORIES
TAGS