‘കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി, കീമോ തെറാപ്പി സ്റ്റാർട്ട് ചെയ്തു, എല്ലാം വിധി വിട്ടുകൊടുത്തു..’ – വെളിപ്പെടുത്തി നടൻ സുധീർ

‘കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി, കീമോ തെറാപ്പി സ്റ്റാർട്ട് ചെയ്തു, എല്ലാം വിധി വിട്ടുകൊടുത്തു..’ – വെളിപ്പെടുത്തി നടൻ സുധീർ

നിരവധി മലയാള സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് സുധീർ സുകുമാരൻ. ദിലീപ് നായകനായ സി.ഐ.ഡി മൂസ മുതലാണ് സുധീറിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. കൂടുതലും വില്ലൻ വേഷങ്ങളാണ് സുധീർ അവതരിപ്പിച്ചിട്ടുള്ളത്. 2012-ൽ ഡ്രാക്കുള എന്ന വിനയൻ സംവിധാനം ചെയ്ത സിനിമയിൽ പ്രധാനവേഷത്തിൽ എത്തിയത് സുധീർ ആയിരുന്നു.

കൊച്ചി രാജാവ്, ഇവൻ മര്യാദരാമൻ, വെൽക്കം ടു സെൻട്രൽ ജയിൽ, ഭയ്യാ ഭയ്യാ, തോപ്പിൽ ജോപ്പൻ, മാമാങ്കം തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ താൻ കാൻസർ ബാധിതനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ. സർജറി കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമായെന്നും സുധീർ കുറിച്ചു.

‘ഡ്രാക്കുള സിനിമ മുതൽ ബോഡി ബിൽഡിങ് എന്റെ പാഷനാണ്.. എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും മോട്ടിവേഷൻ ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരംകാൻസറിന്റെ രൂപത്തിൽ നൈസ് പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു ഫേസ് ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി.

കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു.. ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു.. ജനുവരി 11-ന് സർജറി കഴിഞ്ഞു, അമൃതയിൽ ആയിരുന്നു.. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി.. 25 ന് സ്റ്റിച്ച് എടുത്തു. കീമോ തെറാപ്പി സ്റ്റാർട്ട് ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു.

എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടിൽ ഇന്നലെ ജോയിൻ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, ഡയറക്ടർ മനു. പോട്ടെ പുല്ല്.. വരുന്നത് വരുന്നിടത്തുവച്ച് കാണാം.. ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ..!!, സുധീർ കുറിച്ചു.

CATEGORIES
TAGS