‘താരമൂല്യം കുറഞ്ഞപ്പോൾ എനിക്കൊപ്പം അഭിനയിക്കാൻ ചില നായികമാർ വിസമ്മതിച്ചു..’ – തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബൻ

‘താരമൂല്യം കുറഞ്ഞപ്പോൾ എനിക്കൊപ്പം അഭിനയിക്കാൻ ചില നായികമാർ വിസമ്മതിച്ചു..’ – തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ സ്വന്തം ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. ധന്യ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ നായകനായി അഭിനയിച്ചു ഒരുപാട് യുവതികളുടെ ഹൃദയം കീഴടക്കിയ താരമാണ് ചാക്കോച്ചൻ. ചാക്കോച്ചന്റെ കൂടുതൽ സിനിമകളും റൊമാൻസിന് പ്രാധാന്യം നൽകിയതായിരുന്നു.

ചാക്കോച്ചൻ ആരാധികമാരിൽ നിന്ന് ലഭിച്ച കത്തുകളുടെ എണ്ണം മറ്റൊരു താരത്തിനും ലഭിച്ചിട്ടില്ല ഇന്നേവരെ. നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് പക്ഷേ ഇടയ്ക്ക് ഒന്ന് കാലിടറി. അഭിനയിച്ച സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. 2006-ന് ശേഷം താരം സിനിമകൾ ചെയ്യാതായി. പിന്നീട് 2008-ൽ ട്വന്റി 20 സിനിമയിൽ ഒരു പാട്ടിൽ മാത്രം താരം വന്നുപോയി.

ചാക്കോച്ചന്റെ കാലം കഴിഞ്ഞുവെന്ന് തന്നെ പ്രേക്ഷകർ വിലയിരുത്തി. പക്ഷേ 2010 എൽസമ്മ എന്ന ആൺകുട്ടിയിലൂടെ ചാക്കോച്ചൻ ശക്തമായി തിരിച്ചുവന്നു. ട്രാഫിക്, സീനിയർസ്, മല്ലു സിംഗ്, റൊമാൻസ് തുടങ്ങിയ സിനിമകളിൽ ചാക്കോച്ചൻ ഗംഭീരറോളുകൾ അഭിനയിച്ച് നായകനായി വീണ്ടും അഭിനയിക്കാൻ തുടങ്ങി.

ഇപ്പോൾ കൈനിറയെ സിനിമകളാണ് ചാക്കോച്ചൻ. എന്നാൽ ഇടയ്ക്ക് ഉണ്ടായ ആ പ്രതിസന്ധിയിൽ നിന്ന് കരകയറി വരുന്ന സമയത്ത് ചാക്കോച്ചൻ അനുഭവിച്ച ചെറിയ പ്രയാസങ്ങളെ പറ്റി ഒരു പഴയ അഭിമുഖത്തിൽ ചാക്കോച്ചൻ പറഞ്ഞത് ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. തിരിച്ചുവരവിൽ ചില നായികമാർക്ക് താരമൂല്യം കുറഞ്ഞ തനിക്കൊപ്പം അഭിനയിക്കാൻ താല്പര്യക്കുറവ് പ്രകടിപ്പിച്ച കാര്യമാണ് ചാക്കോച്ചൻ പറഞ്ഞത്.

‘സിനിമയിൽ തിരിച്ചുവന്നപ്പോൾ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു. സിനിമയ്ക്കപ്പുറമുള്ള സൗഹൃദം ഷാഫിയും ലാലുവും വി.കെ.പിയുമായി ഒക്കെ എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവരൊക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ ഏറ്റവും രസകരമായ സംഭവം, തിരിച്ചുവരവിൽ എനിക്ക് നായികമാരെ കിട്ടാൻ വലിയ പാടായിരുന്നു.

ഫീഡിൽ നിന്ന് മാറി നിൽക്കുകയാണ്, മാർക്കറ്റ് വാല്യൂ ഇല്ല.. അങ്ങനെ ചില സംഭവങ്ങളൊക്കെയുണ്ടല്ലോ. ഒരുപാട് നായികമാരെ ഞാൻ ഇങ്ങനെ അടുത്ത പടത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ട്. അതിൽ വലിയ വിഷമം ഒന്നും തോന്നിയിട്ടില്ല. കാരണം ഞാൻ അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കിയിരുന്നു..’ ചാക്കോച്ചൻ പറഞ്ഞു. മാർക്കറ്റ് വാല്യൂ മാറിയപ്പോൾ അവരൊക്കെ വിളിക്കാറുണ്ടെന്നും ചാക്കോച്ചൻ കൂട്ടിച്ചേർത്തു.

CATEGORIES
TAGS