‘തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു, അവളുടെ മരണം വരെ..’ – വൈകാരികമായ നടി ഗൗരിനന്ദയുടെ കുറിപ്പ്

‘തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു, അവളുടെ മരണം വരെ..’ – വൈകാരികമായ നടി ഗൗരിനന്ദയുടെ കുറിപ്പ്

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമായ കെ.ആർ സച്ചിദാനന്ദന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് മലയാളികൾ. പ്രേക്ഷകരുടെ മനസ്സറിയുന്ന എഴുത്തുകാരനായിരുന്നു സച്ചി. ഒരു സിനിമ വിജയിക്കാൻ ആവശ്യമായ എല്ലാ ഫോർമുലകളും സച്ചിയുടെ തിരക്കഥയിൽ ഉണ്ടാകും. സച്ചിയുടെ സിനിമകൾ തന്നെ അതിനെല്ലാം ഉദാഹരണമാണ്.

ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. സച്ചി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷയിൽ ഇരുന്ന പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും അത് ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല.

ഇനിയും ഒരുപാട് കഥകൾ, എഴുത്തുകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറക്കാനുണ്ടായിരുന്നു. അതുപോലെ തന്നെ എഴുതി തീർത്ത പല കഥകളും പുറത്തിറങ്ങാനുമുണ്ടായിരുന്നു. അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് സിനിമയായിരുന്നു അദ്ദേഹത്തിന്റെ അവസാനചിത്രം. ഇന്നലെ നടന്ന സംസ്കാര ചടങ്ങിൽ സുഹൃത്തായ പൃഥ്വിരാജ് വികാരാധീനനായി നിൽക്കുന്ന കാഴ്ചയിൽ തന്നെ എല്ലാവർക്കും മനസ്സിലാകും സച്ചി ആരായിരുന്നുവെന്നത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അതിഗംഭീര കഥാപാത്രം അവതരിപ്പിച്ച ഗൗരിനന്ദ തന്റെ ഫേസ്ബുക്കിൽ സച്ചിയുടെ വിയോഗവുമായി ബന്ധപ്പെട്ട എഴുതിയ കുറിപ്പ് ആരെയും വേദനിപ്പിക്കുന്ന ഒന്നാണ്. ചെറിയ കഥാപാത്രങ്ങൾ ചെയ്തിരുന്ന ഗൗരിയുടെ കരിയർ മാറ്റിയ കഥാപാത്രമായിരുന്നു അയ്യപ്പനും കോശിയിലെയും കണ്ണമ്മ.

ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണം വരെയും എന്ന് ഗൗരി കുറിച്ചു. ഗൗരിയുടെ പോസ്റ്റിലെ ഈ വാക്കുകൾ മതി എത്രമാത്രം വേദനിപ്പിക്കുന്നതായിരുന്നു സച്ചിയുടെ വേർപാട് എന്ന് മനസ്സിലാക്കാൻ. തന്നെ പോലെയുള്ളവരുടെ സ്വപ്‌നങ്ങളെൾ സാധിച്ചുകൊടുക്കാൻ ഉള്ള കൈകൾ ആയിരുന്നില്ലേ നിങ്ങളുടേതെന്നും എന്തിന് ഇത്ര നേരത്തെ പോയിയെന്നും ഗൗരി പോസ്റ്റിലൂടെ ചോദിച്ചു.

നന്മയുള്ളവരെയാണ് ദൈവത്തിന് കൂടുതൽ ഇഷ്ടമെന്നും സച്ചിക്ക് ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നുവെന്നും ഗൗരി എഴുതി. റൺ ബേബി റൺ, അനാർക്കലി, രാംലീല, ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നീ സിനിമകളുടെ തിരക്കഥയും ഇതിൽ തന്നെ അനാർക്കലിയും അയ്യപ്പനും കോശിയും സംവിധാനം ചെയ്യുകയും ചെയ്ത ആളാണ് സച്ചി. സച്ചി-സേതു കൂട്ടുകെട്ടിൽ വന്ന സിനിമകൾ വേറെയുമുണ്ട്.

CATEGORIES
TAGS